Thursday, March 11, 2010

വിദേശപഠനം - ഒരു ആമുഖം


വിദേശപഠനം, നേട്ടങ്ങളും കോട്ടങ്ങളും എന്നൊരു ഉപന്യാസ മത്സരം എവിടെങ്കിലും സംഘടിപ്പിച്ചാല്‍ ഒരു കൈ നോക്കാമായിരുന്നു. അങ്ങനെ ഒരു മത്സരം ഇല്ലാത്തത് കൊണ്ട് അറിയാവുന്ന കാര്യങ്ങള്‍ വച്ച് പുതിയ ഒരു ബ്ലോഗ്‌ തുടങ്ങാം എന്ന് കരുതി. പിന്നെ ഇങ്ങനെ ഒരു സംരംഭം തുടങ്ങാന്‍ എനിക്ക് പ്രേരണ ആയത് മുരളീ മുകുന്ദന്‍ ചേട്ടന്റെ യു.കെ .വിദേശ വിദ്യാര്‍ഥി  ചരിതം ഒരു വിങ്ങലും പൊട്ടലും എന്ന ലേഖനം ആണ്. മുരളിയെട്ടനോടുള്ള നന്ദി ആദ്യമേ പറയുന്നു. ഇവിടെ (ഇംഗ്ലണ്ട്) വരാന്‍ വേണ്ടി ഞാന്‍ ചെയ്ത കാര്യങ്ങളും, വന്നു കഴിഞ്ഞു എനിക്കും, എനിക്കറിയാവുന്ന കുറച്ചു കൂട്ടുകാര്‍ക്കും ഉണ്ടായ അനുഭവങ്ങളും പങ്കുവയ്ക്കനുമാണ്  ഈ ബ്ലോഗ്‌. ഇതു കൊണ്ട് വിദേശത്ത് പഠിക്കാന്‍ തയ്യാറെടുക്കുന്ന നമ്മുടെ നാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും പ്രയോജനം ലഭിച്ചാല്‍ സന്തോഷം.

വിദേശത്ത് പഠിക്കാന്‍ ഞാന്‍ ചെയ്ത കാര്യങ്ങള്‍ ചോദ്യോത്തരങ്ങള്‍ പോലെ ഈ ആദ്യ പോസ്റ്റില്‍ വിവരിക്കാം

വിദേശപഠനം എന്തിനു?

ഇന്ത്യന്‍ ഡിഗ്രീയെക്കള്‍ വിലയുണ്ടോ വിദേശ ഡിഗ്രിക്ക്. ഉണ്ടെന്നും ഇല്ലെന്നും പറയാം. ലോകത്തിലെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് കോളേജ് ഏതെന്നു ചോദിച്ചാല്‍ ഞാന്‍ പറയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്ന്. അത് പോലെ തന്നെ ഏറ്റവും മികച്ച മാനേജ്‌മന്റ്‌ പഠന കേന്ദ്രവും ഇന്ത്യയില്‍ തന്നെ. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ്‌. അവിടെ രണ്ടിത്തതും ഞാന്‍ പഠിച്ചിട്ടില്ല, പക്ഷെ ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ ലിസ്റ്റ് പരിശോദിച്ചാല്‍ ഇവ രണ്ടും മുന്‍പന്തിയില്‍ കാണാം. അത് കൊണ്ട് 'നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മോശം ആയതു കൊണ്ട് എന്‍റെ മോനെ അല്ലെ മോളെ ഞാന്‍ വിദേശത്ത് വിട്ടു' എന്ന് ആരേലും പറയുവാണേല്‍ അതിനു നമുക്ക് പൊങ്ങച്ചം എന്ന് വിളിക്കാം. നേരെ മറിച്ചു 'ഇന്ത്യയില്‍ എനിക്ക് ജോലി ചെയ്യാന്‍ താത്പര്യം ഇല്ല, എനിക്ക് വിദേശത്ത് പോണം, അതിനു അവിടുത്തെ ഡിഗ്രി തന്നെ വേണം' എന്ന് പറഞ്ഞാല്‍ അത് അതില്‍ ഇത്തിരി സത്യം ഇല്ലാതില്ല.


വിദേശപഠനം എവിടെയൊക്കെ സാധ്യമാണ്?

അമേരിക്ക(യു എസ്, കാനഡ), ബ്രിട്ടന്‍, മറ്റു യൂറോപ്പിയന്‍ രാജ്യങ്ങള്‍, ഓസ്ട്രേലിയ, ന്യൂസിലാണ്ട്, കാനഡ, സിങ്കപ്പൂര്‍ ഇത്രയും ആണ് ചിന്തികാവുന്ന ഓപ്ഷനുകള്‍. ഇതില്‍ ഓസ്ട്രേലിയ ഇനി മറന്നുകള. അവിടെ പോകണ്ട എന്ന് ഇന്ത്യന്‍ ഗവണ്മെന്റ് പോലും നിര്‍ദേശിച്ചിരിക്കുന്നു. ബ്രിട്ടന്‍ ഒഴികെ ഉള്ള മറ്റു യൂറോപ്പിയന്‍ രാജ്യങ്ങള്‍ ഭാഷ ഒരു പ്രശ്നം ആണ്. ആ രാജ്യത്തെ ഭാഷ പഠിക്കാതെ അവിടെ പഠിക്കാന്‍ അല്പം പ്രയാസം ആയിരിക്കും. എന്നിരുന്നാലും വളരെ ഫീസ്‌ കുറഞ്ഞ നല്ല നിലവാരം ഉള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജര്‍മ്മനി, ഫ്രാന്‍സ്, നെതെര്‍ലാണ്ട്സ്, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ ഉണ്ട്. ഇനി ഭാഷ ഒരു പ്രശ്നം ആണെങ്കില്‍ അമേരിക്ക, ബ്രിട്ടന്‍, സിങ്കപ്പൂര്‍ എന്ന മൂന്ന് ഓപ്ഷനുകള്‍ ബാക്കി

അമേരിക്ക
പഠന ചെലവ് ഏറ്റവും കൂടുതല്‍ അമേരിക്കയില്‍ ആണ്. പക്ഷെ ലോകത്തിലെ ഏത് രാജ്യത്ത് ചെന്നാലും അമേരിക്കന്‍ ഡിഗ്രി അംഗീകരിക്കുന്നു.

സിങ്കപ്പൂര്‍
സ്കോളര്‍ഷിപ്പ് ലഭിച്ചാല്‍ സിങ്കപ്പൂര്‍ ഒരു നല്ല ഓപ്ഷന്‍ ആണ്. പോരാത്തതിനു നമ്മുടെ നാട്ടില്‍ എന്ന് ഏറ്റവും അടുത്തും ഈ കൊച്ചു രാജ്യം തന്നെ.
പക്ഷെ ഒരു ചൈനീസ്‌ ടച് എല്ലാത്തിനും ഉണ്ടാവാന്‍ സാധ്യത ഉണ്ട്. അത് കുഴപ്പമില്ലെങ്കില്‍ സിങ്കപ്പൂര്‍ നല്ലതാണു എന്നാണ് അറിവ്.

ബ്രിട്ടന്‍
ഇന്ന് ഏറ്റവും അധികം ഇന്ത്യാകാര്‍ പഠിക്കാന്‍ വരുന്ന സ്ഥലം. അതിനു പല കാരണങ്ങള്‍ ഉണ്ട്.
1. അമേരിക്കയുമായി നോക്കുമ്പോള്‍ നന്നേ ചെലവ് കുറവാണ് ബ്രിട്ടന്‍
2. പഠിച്ചു കഴിഞ്ഞു രണ്ടു വര്‍ഷം കൂടെ ഇവിടെ നില്ക്കാന്‍ വിസ കിട്ടും എന്നതാണ് ഏറ്റവും വല്യ പ്രയോജനം
3. ഇവിടുത്തെ മിക്ക ബിരുദാനന്തര ബിരുദ കോഴ്സ് കളും ഒരു വര്‍ഷം അല്ലെങ്കില്‍ പരമാവധി ഒന്നര വര്‍ഷമേ ഉള്ളു.
3. ഇവിടുത്തെ രീതികള്‍ പലതും ഇന്ത്യയിലെ പോലെ തന്നെ

ഞാന്‍ പഠിക്കുന്നത് ബ്രിട്ടനില്‍ ആയതു കൊണ്ട് തുടര്‍ന്നുള്ള കാര്യങ്ങള്‍ ബ്രിട്ടനെ സംബന്ധിച്ച് മാത്രം ആയിരിക്കും

ബ്രിട്ടനില്‍ പഠിക്കാന്‍ വേണ്ട യോഗ്യത എന്തൊക്കെ?
നിങ്ങള്‍ എന്ത് കോഴ്സ് ആണ് പഠിക്കാന്‍ ഉദ്ദേശ്ശിക്കുന്നത് എന്ന് അനുസരിച്ച് ഇരിക്കും ഇതിന്റെ മറുപടി. എങ്കിലും ഏതെങ്കിലും ഒരു ബിരുദം മാത്രം മതി എങ്കില്‍ നമ്മുടെ നാട്ടിലെ പ്ലസ്‌ ടു മതിയാകും. പിന്നെ ഇംഗ്ലീഷ് പരിജ്ഞാനം കാണിക്കാന്‍ IELTS, TOEFL എന്നി ഏതെങ്കിലും പരീക്ഷകളില്‍ ഉന്നത സ്കോര്‍ നേടിയിരിക്കണം.
പിന്നെ മറ്റൊരു കാര്യം വെറും പ്ലസ്‌ ടു കഴിഞ്ഞു ബ്രിട്ടനില്‍ വന്നു ഡിഗ്രി എടുക്കണമെങ്കില്‍ മൂന്നു അല്ലെങ്കില്‍ നാല് വര്‍ഷം ഇവിടെ പഠിക്കാനും ജീവിക്കാനും ഉള്ള തുക വേണം. കുറഞ്ഞത് നാല്‍പതു ലക്ഷം രൂപ ചെലവു വേണം അതിനു. അതുകൊണ്ട് ഇന്ത്യയില്‍ നിന്ന് വരുന്ന ഭൂരിഭാഗം പേരും  ബിരുദാനന്ദര ബിരുദ കോഴ്സ് ചെയ്യാനാണ് ഇവിടെ വരുന്നത്.


എങ്ങനെ അപേക്ഷിക്കാം?
ഒന്നുകില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. അല്ലെങ്കില്‍ ഏതെങ്കിലും എജന്റ്റ്  മുഖാന്തരം അപേക്ഷ അയക്കാം. പക്ഷെ എങ്ങനെ ആണെങ്കിലും ആര്‍ക്കും കാശ് കൊടുക്കണ്ട എന്നതാണ് ഏറ്റവും വല്യ മെച്ചം. കാരണം നേരിട്ട് അപ്ലൈ ചെയ്യുന്നതിന് അപ്ലിക്കേഷന്‍ ഫോറം ഫീസ്‌ പോലും ഇല്ല. ഇനി അതല്ല എജന്റ്റ് വഴി ആണെങ്കില്‍ തന്നെ അവര്‍ക്കുള്ള കമ്മീഷന്‍ യൂനിവേഴ്സിറ്റി നേരിട്ട് നല്‍കി അവര്‍ക്ക് കൊള്ളും. അതായതു വിദ്യാര്‍ത്ഥിക്ക് ചെലവു വിസ അപ്ലിക്കേഷന്‍ ഫീസും, പഠന ചെലവും, ജീവിത ചെലവും പിന്നെ വിമാന കൂലിയും മാത്രം.

വിശ്വസിക്കാവുന്ന ഏജന്‍സികള്‍ കേരളത്തില്‍ ഏതൊക്കെ?

Meridian Consultancy
Chopras
Study Overseas
Edwise
Geebee  എന്നിവയാണ് അതില്‍ ചിലത്.
തിരുവനന്തപുരം, കൊച്ചി, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ അവര്‍ക്ക് ഓഫീസ് ഉണ്ട്.അവരുമായി ബന്ധപെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

ഇവിടെ ഏതൊക്കെ കോഴ്സ് ഉണ്ട്. മികച്ച യൂനിവേഴ്സിറ്റിയും കോഴ്സ്സും എങ്ങനെ കണ്ടു പിടിക്കാം, ജീവിത ചെലവുകളും ഫീസും എത്രയാകും, വിദ്യഭ്യാസ ലോണിനു എങ്ങനെ അപ്ലൈ ചെയ്യാം, പഠിച്ചു കഴിഞ്ഞുള്ള ജോലി സാധ്യതകള്‍ എങ്ങനെ എന്നതിനെ കുറിച്ച് അടുത്ത ലക്കം.